Tuesday, September 16, 2008

നീ എന്നില്‍ പ്രണയമായത്‌

എന്റെ പ്രിയമുള്ളവളെ..
നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌.നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ, നിന്റെ ഹൃദയം എന്നോട്‌ ചേര്‍ന്ന്‌ നിന്നപ്പേ്പ്പാഴോ..അതോ നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..അറിയില്ല പ്രിയേ..നിന്റെ മൌനമായ ഈ പ്രണയം എന്നെ വല്ലാതെ കുഴയ്ക്കുന്നു. പിന്നെയെപ്പോഴോ ഞാനറിഞ്ഞു, വാക്കുകള്‍ക്കിടയിലെ മൌനവും വരികള്‍ക്കിടയിലെ അര്‍ത്ഥവും വാചാലതേയെക്കാള്‍ വിശാലമാണെന്നും. നീ സ്നേഹത്തിന്റെ പൂമരത്തണലണെന്നും. നിന്റെ ഓരോ കാല്‍പാടുകളിലും എന്റെ കാത്തിരിപ്പിന്റെ മനസ്സുണ്ടാകും. നിനക്കു വേണ്ടി കുറിക്കാന്‍ കരുതിവച്ച വരികള്‍ എനിക്ക്‌ ജീവിതമായിരുന്നു, നിന്നെ തഴുകാന്‍ കാത്തുവച്ച കരങ്ങള്‍ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്തുവച്ചു, നിന്റെ ഹൃദയം എന്നോട്‌ ചേര്‍ന്നിരിക്കാന്‍. അകലും തോറും അടുപ്പം കൂടുകയും അടുക്കുതോറും അകലം തോന്നുകയും ചെയ്യുന്നതാണ്‌ പ്രണയമെന്ന്‌ ഞാനറിഞ്ഞത്‌ നീ എന്നില്‍ നിന്നും അടര്‍ന്നപ്പോഴായിരുന്നു. നീയെനിക്ക്‌ സ്നേഹത്തിന്റെ ക്ഷേത്രമായിരുന്നു പ്രിയേ..നിന്റെ നയനമിടിപ്പ്‌ എനിക്ക്‌ കാവ്യങ്ങളായിരുന്നു .നിന്റെ അധരനനവില്‍ ഞാനൊരു ചിത്രപതംഗമായി. നിന്റെ മൊഴികളിലായിരുന്നു എന്റെ മനസ്സ്‌ ചേര്‍ന്നുറങ്ങിയത്‌. പ്രിയമുള്ളവളെ സ്നേഹം അഗ്നിപോലെയാണ്‌.കത്തിപ്പടരും തോറും ചൂട്‌ വര്‍ദ്ധിക്കുന്നു,അതുപോലെ കൊടുമ്പോള്‍ വെറും ചാരവുമാകുന്നു. അത്തരം ശ്മശാനമായ മനസ്സില്‍ നിന്നും ചില ഓര്‍മ്മകള്‍ സ്വപ്നങ്ങളുടെ കടല്‍ത്തിരത്ത്‌ വന്നടിയുമ്പോള്‍ മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും നമുക്കുള്ളില്‍ പൊടി പിടിച്ച്‌ കിടന്ന പ്രണയസ്വപ്നങ്ങളുടെ നേര്‍ചിത്രങ്ങളാകാം. ആ തൂവലുകളെ സ്നേഹം കൊണ്ടും സാന്ത്വനം കൊണ്ടും മൂടണം.നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും ഈ ജീവിതത്തില്‍ ഒരിക്കലും മടക്കി ലഭിക്കില്ല. ഒടുവില്‍, തൂവലുകള്‍ കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍ നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ വേദനയായി പിന്തുടരും എന്നത്‌ നിശ്ചയം..നീ കേട്ടിട്ടില്ലേ.. നന്‍മ നിറഞ്ഞ്‌ പുഴപോലെയാകണം മനസ്സെന്ന്‌. ശരിയാണ്‌, ചില പ്രണയങ്ങള്‍ ജലമാളികളായിരിയ്ക്കും, പ്രതീക്ഷകള്‍ കൊണ്ടവര്‍ സോപാനം തീര്‍ക്കും എന്നാല്‍ ചെറു ഓളത്തിനൊപ്പം തകര്‍ന്ന്‌ വീഴുന്നു.
ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍ ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞുപോകാത്ത സ്നേഹമുണ്ടാല്‍ ജീവിതം സ്വാര്‍ത്ഥമാകുന്നു. നമ്മള്‍ സ്നേഹത്തിന്റെ നിലാവില്‍ പ്രണയത്തിന്റെ പുതപ്പ്‌ ചൂടി ഒന്നാകുമ്പോള്‍ മറ്റെല്ല്ളാം വെറുക്കപ്പെടുന്നു,അത്തരം പ്രണയ യാഥാര്‍ത്ഥ്യത്തില്‍ ശേഷിപ്പ്‌ നല്ലതാണ്‌.ജീവിതാന്ത്യത്തില്‍ ബാക്കിയാകുന്നത്‌ അതു മാത്രമായിരിക്കും. കാലത്തിന്റെ പഴക്കം നമ്മെ തളര്‍ത്തുമ്പോള്‍ ഓര്‍മ്മകളിലെ ആ സ്നേഹമേ ഉണ്ടാകൂ നമുക്ക്‌ കൂട്ടായിട്ട്‌.

എന്റെ സ്നേഹപ്പെട്ടവളെ, കൊഴിയുവാന്‍ വയ്യെനിക്ക്‌ നിന്റെ ഹൃദയകൂട്ടില്‍ നിന്നും അറിയാതെ അടരുന്ന തൂവലുകളോരോന്നും എന്റെ ജീവില്‍ സ്പന്ദങ്ങള്‍ എന്നറിയുക.കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിക്കുന്നിടത്ത്‌ സ്നേഹ ഞരമ്പ്‌ മുറിഞ്ഞ്‌ ഞാന്‍ മനസ്സ്‌ നഷ്ടം വന്നൊരു തൂവലായി നിന്റെ ഹൃദയത്തോട്‌ ചേരുമെന്നത്‌ നിത്യസത്യം.

Wednesday, September 3, 2008

ഒരിക്കല്‍ അവള്‍....


ഒരിക്കല്‍ അവള്‍ ചോദിച്ചു
നീ എന്റെതല്ലേ എന്ന്‌.
ഞാനൊന്നും പറഞ്ഞില്ല.
പിന്നെയെപ്പോഴോ ഞാനും ചോദിച്ചു,
നീ എന്റെതല്ലേയെന്ന്‌,
അവളുമൊന്നും പറഞ്ഞില്ല.
ഇതേ ചോദ്യത്താല്‍ മറ്റാരോ
ഞങ്ങളെ ചേര്‍ത്തണച്ചിരിക്കാം
എന്നോ..എപ്പോഴോ....
അവരും ഇതേ ചേദ്യം ആവര്‍ത്തിച്ചിരിക്കാം
അന്ന്,
അവളോ, ഞാനോ...മിണ്ടിയിരിക്കാം.