Tuesday, April 15, 2008

അധ്യായം തുടരുന്നു....കഥ സൂസന്ന


കഥ
1.
രാവുണരും മുന്‍പേ രാവുത്തര്‍ ഉണര്‍ന്നു. കടലും മീനുമാണിപ്പോള്‍ അയാളുടെ മനസ്സ്‌ നിറയെ, മടങ്ങി വരുമ്പോള്‍ വള്ളം നിറച്ച്‌ മത്സ്യം കിനാവ്‌ കണ്ടയാള്‍ തുഴഞ്ഞു.സ്വന്തമായി വള്ളവും വലയും, എന്നോ മോഹമായി നിറഞ്ഞ സൂസന്നയും രാവുത്തറുടെ സ്വപ്നമായിരുന്നു.
2.
ഉച്ച വിയര്‍ത്തപ്പോള്‍, സൂസന്ന കുളി കഴിഞ്ഞ്‌ തല തുവര്‍ത്തി അടുപ്പത്ത്‌ വെള്ളം വച്ചു. മത്തി ഉപ്പിട്ട്‌ ഉലര്‍ത്തി വരഞ്ഞ്‌, മുളകുപൊടി വിതറി. ലൂക്കാസ്‌ അവളോട്‌ യാത്രചോദിച്ച്‌ മടങ്ങുവാന്‍ ഒരുങ്ങി. വൈകിയ രാത്രിയുടെ ഉറക്കം അയാളുടെ കണ്ണുകളില്‍ തൂങ്ങി. സൂസന്ന, ലൂക്കാസിന്റെ നെഞ്ചില്‍ വീണു പറഞ്ഞു, ഇന്നലെത്തെപ്പോലെ നീ എനിക്കൊപ്പം രാവാകണം.ഒട്ടികിടക്കണം.സ്വപ്നം കാണണം. ലൂക്കാസ്‌ ചിരിച്ചു.അവളെ നെഞ്ചോട്‌ ചേര്‍ത്ത്‌ നെറുകയില്‍ ചുണ്ടമര്‍ത്തി. പെണ്ണുകള്‍ക്ക്‌ ഭയമായിരുന്നു രാവുത്തറെ. അവര്‍ കര്‍ത്താവിനോട്‌ മനമുരുകി പ്രാര്‍ത്ഥിച്ചു. രാവുത്തറുടെ കാല്‍പ്പാടു പതിയാത്ത, കതകില്‍ മുട്ടുകേള്‍ക്കാത്ത ഒരു രാത്രിയ്ക്ക്‌ വേണ്ടി.
3.
കരയില്‍, ഭര്‍ത്താക്കന്മാര്‍ രാവുത്തറുടെ പങ്കായപിടിക്ക്‌ മുന്നില്‍ മൗനം തുഴഞ്ഞു. അയാളുടെ കാല്‍പ്പാടു പതിയുന്ന മണ്ണും പെണ്ണും ആ രാവിനൊപ്പം രാവുത്തര്‍ക്ക്‌ സ്വന്തമായിരുന്നു. എതിര്‍ക്കുന്ന നാവ്‌ കടലമ്മയ്ക്‌. രാത്രികളില്‍ അവര്‍ ചങ്കിന്റെ മിടിപ്പിന്‌ മേല്‍ കര്‍ത്താവിനെ ചേര്‍ത്ത്‌, പ്രാര്‍ത്ഥിച്ച്‌, കണവനെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചു. അവരുടെ സ്നേഹം,സാമിപ്യം കൊതിച്ചു കൊതിച്ച്‌ കിനാവില്‍ മാത്രം രമിച്ചു. ശരീരത്തെ ആര്‍ത്തി തിന്നുമ്പോഴും ഭയക്കുന്ന മനസ്സിന്‌ കണ്ണുകള്‍ കാവല്‍ നിന്നു. അങ്ങകലെ മണല്‍പരപ്പിന്റെ നിഴലില്‍ രാവുത്തറുടെ ചലനം തേടുന്ന മനസ്സുമായി അവര്‍ രാത്രികളെ പകലുകളാക്കി കഴിഞ്ഞു.
4.
രാവുത്തര്‍ കടലമ്മയുടെ മാറിലേക്ക്‌ തുഴഞ്ഞു. വള്ളവും വലയും കള്ളി നിറച്ച്‌ മീനും അയാള്‍ക്ക്‌ മുന്നില്‍ യാഥാര്‍ത്ഥ്യമായി. തലേന്ന് രാത്രി വിലപേശിയുറപ്പിച്ച സുല്‍ത്താന്‍ ഖാദറിന്റെ വള്ളവും വലയ്ക്കുമൊപ്പം സ്വന്തമാക്കാന്‍ ഉറപ്പിച്ച സൂസന്നയെന്ന സ്വപ്നവും മുന്നില്‍പ്പെട്ട സ്രാവിന്റെ കരളിലെറിഞ്ഞ ചൂണ്ടയില്‍ കുരുങ്ങി വലിഞ്ഞു.. പ്രാണന്‍ പിടച്ച വേദനയില്‍ കൊമ്പന്‍ സ്രാവിന്റെ കുത്തിമറിക്കലില്‍പ്പെട്ട്‌ രാവുത്തറുടെ വള്ളം ചുഴിയുടെ ആഴങ്ങളില്‍ കറങ്ങി മറിഞ്ഞു.
5.
കടല്‍ക്കരയില്‍ പെണ്ണുങ്ങള്‍ കൂട്ടം കൂടിയിരുന്നു പാട്ടുപാടി പേന്‍ കൊന്നു.ഇളകുന്ന തിരകളെ നോക്കിയവര്‍ കഥകള്‍ പറഞ്ഞു.കാറ്റ്‌, ചാകര കൊണ്ടു വന്നു.കടപ്പുറത്ത്‌ ഉത്സവം ആരംഭിച്ചു. നേര്‍ച്ചകള്‍ കടലമ്മയ്ക്ക്‌ നല്‍കി. സിനിമ കണ്ടു. നിറമുള്ള കുപ്പായങ്ങള്‍ വാങ്ങി. പുല്‍പ്പായും പാത്രങ്ങളും വീടിനെ അലങ്കരിച്ചു.
6.
കടല്‍ ഇളകി. കടലിലും കരയിലും മഴപെയ്തു. സൂസന്നയുടെ മുന്നില്‍ മെഴുകുതിരികള്‍ ഉരുകി. അവള്‍ ഹൃദയം തൊട്ട്‌ കര്‍ത്താവിനെ വിളിച്ചു. തിരകള്‍ക്കിടയില്‍ നിന്ന് നടന്ന് വരുന്ന ഭര്‍ത്താവിനെ അവള്‍ പ്രാര്‍ത്ഥനയില്‍ കണ്ടു.
7.
പുലരി.സൂസന്നയുടെ കരഞ്ഞ്‌ ചീര്‍ത്ത കണ്ണുകളില്‍ കടല്‍ ഇളകി. ജനക്കൂട്ടം. കരക്കടിഞ്ഞ ശവത്തിന്‌ മേല്‍ കാക്കകള്‍ വട്ടമിട്ടു പറന്നു.സ്ത്രീകള്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ അതിശയം പറഞ്ഞു. പ്രാര്‍ത്ഥനപൂര്‍വ്വം കര്‍ത്താവിന്‌ സ്തുതി ചൊല്ലി.സുസന്ന കുരിശ്‌ വരച്ചു. നിന്ന നില്‍പ്പില്‍ മുട്ടുകാലായി. കര്‍ത്താവിന്റെ സ്നേഹം കാറ്റായി, കരുണയായി അവളെ തഴുകി.
8.
പങ്കായം തോളത്തു വച്ച്‌ ലൂക്കാസ്‌ കര കടന്ന് വന്നു. സൂസന്നയുടെ കണ്ണുകളില്‍ ആനന്ദം. ലൂക്കാസിന്റെ കൈകള്‍ സൂസന്നയെ വരിഞ്ഞ്‌ കെട്ടി. അടര്‍ത്തി മാറ്റി സൂസന്ന അയാള്‍ക്ക്‌ പൊള്ളിച്ചമീനും കപ്പയും പകര്‍ന്നു. ലൂക്കാസ്‌ അവളെ ആദ്യത്തെ പോലെ വീണ്ടും കണ്ടു. അവളുടെ ചുണ്ടുകളിലെ സ്നേഹം അയാള്‍ മുത്തികുടിച്ചു.സുസന്ന ചുവന്നു തുടുത്തു.
9.
പെട്ടി തുറന്ന്, മിന്നും പുടവയും വീണ്ടുമെടുത്ത്‌ മുത്തം വച്ചു.ലൂക്കാസിന്റെ കൈകളില്‍ വച്ചു കൊടുത്തു സൂസന്ന.രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ലൂക്കാസ്‌ സൂസന്നയെ മിന്ന് ചാര്‍ത്തിയ അള്‍ത്താര വീണ്ടുമാവര്‍ത്തിച്ചു. അച്ചന്‍ കുര്‍ബാന ചൊല്ലി ഗായകസംഘത്തിന്റെ ഈണം കറ്റിനൊപ്പം കുടിലിലെത്തി. സൂസന്ന അയാളില്‍ നിറഞ്ഞു. ആലസ്യത്താല്‍ ലൂക്കാസ്‌ മയങ്ങി. സൂസന്ന പുറത്തെ കടലിനെ അരുമയോടെ നോക്കി. കടല്‍ തണുത്ത കാറ്റ്‌ വീശി. മുറിക്കകം പങ്കായപിടിയിലെ ചോരക്കറ ഗന്ധം പടര്‍ന്ന് കയറി. ആ ചുടുകാറ്റ്‌ അവളുടെ വിയര്‍പ്പുനക്കി. സൂസന്ന, പങ്കായക്കറ കഴുകി വാഴചോട്ടിലൊഴിച്ചു.
10.
കടപ്പുറം വീണ്ടും സജീവമായി. അള്‍ത്താരക്ക്‌ മുന്നില്‍ പെണ്‍കുട്ടികളെ ലാസറും വറീതും ജോസഫും മിന്നുകെട്ടി. രാത്രിയെ രാവുത്തറെ ഭയക്കാതെ അവര്‍ ഉറങ്ങി. സ്വപ്നം കണ്ടു. മീശ പിരിച്ച രാവുത്തറുടെ വാതില്‍ മുട്ട്‌ കര മറന്നു തുടങ്ങി. ലാസറും വറീതും ജോസഫും പാപ്പന്മാരായി. കഥയിലേക്ക്‌ ഒരിക്കലും കടന്ന് വരാതെ വഴിമാറി നടന്ന മൊയ്തു ഇന്നും മക്കൊളൊന്നുമാകാതെ, ഡോക്ടറെ കാണാതെ നേര്‍ച്ചയും മന്ത്രവുമായി..അങ്ങനെ..യങ്ങനെ....
എം.എച്ച്‌.സഹീര്‍

2 comments:

എം.എച്ച്.സഹീര്‍ said...

രാവുത്തര്‍ കടലമ്മയുടെ മാറിലേക്ക്‌ തുഴഞ്ഞു. വള്ളവും വലയും കള്ളി നിറച്ച്‌ മീനും അയാള്‍ക്ക്‌ മുന്നില്‍ യാഥാര്‍ത്ഥ്യമായി. തലേന്ന് രാത്രി വിലപേശിയുറപ്പിച്ച സുല്‍ത്താന്‍ ഖാദറിന്റെ വള്ളവും വലയ്ക്കുമൊപ്പം സ്വന്തമാക്കാന്‍ ഉറപ്പിച്ച സൂസന്നയെന്ന സ്വപ്നവും മുന്നില്‍പ്പെട്ട സ്രാവിന്റെ കരളിലെറിഞ്ഞ ചൂണ്ടയില്‍ കുരുങ്ങി വലിഞ്ഞു.. പ്രാണന്‍ പിടച്ച വേദനയില്‍ കൊമ്പന്‍ സ്രാവിന്റെ കുത്തിമറിക്കലില്‍പ്പെട്ട്‌ രാവുത്തറുടെ വള്ളം ചുഴിയുടെ ആഴങ്ങളില്‍ കറങ്ങി മറിഞ്ഞു.

siva // ശിവ said...

നല്ല ഭാഷ...നല്ല വിവരണം..